Posts

ശകലം 3/14/2023 - വാവേ, വാ വാ വാവെക്കാൻ

വാവേ! വാ വാ വാവെക്കാൻ താതാ! താ താ കോവയ്ക്ക ചാച്ചാ! ചാച്ചാം ചാഞ്ചാടാം കാക്കാ! കാ കാ കാക്കച്ചി മാമാ! മാ മാ മാമാങ്കം!

ശകലം - 12/24/2022

ഉഴുവും കുതിര ഉഴുകുതിര മെഴുകും കുതിര മെഴുകുതിര മെഴുകുതിരയ്ക്കൊരു മെഴുകുതിരി മെഴുകു തിരക്കാൻ മെഴുകുതിരി

ശകലം - 11/5/2022

പുതുമഴകൊണ്ടൊരുകൊണ്ടലുകണ്ടി- ട്ടൊരുമയിലാനന്ദം കൊണ്ടാടി ഒമ്പതുമയിലുകളൊന്നിച്ചാടി  ഒരുമയിലാനന്ദം കൊണ്ടാടി === ചോദ്യം:  വാക്കുപിരിച്ച് അർത്ഥം പറയുക: ഒരുമയിലാനന്ദംകൊണ്ടാടി ഉത്തരം: ഇതിന് രണ്ടർത്ഥം പറയാം  ഒരു മയിൽ ആനന്ദംകൊണ്ട് ആടി = ഒരു മയിൽ സന്തോഷം കൊണ്ട് ആടി (നൃത്തം ചെയ്തു) ഒരുമയിൽ ആനന്ദം കൊണ്ടാടി  = ഒരുമയിൽ (കൂട്ടായ്മയിൽ) സന്തോഷം ആഘോഷിച്ചു  എപ്പടി?

ശകലം - 10/9/2022

സഹാസം സാഹസം ചെയ്യാൻ സാഹിത്യം തന്നെയുത്തമം!

കോവിഡുകാലം (ശകലം - 9/28/2022)

കോവിഡംബരമാർന്നു 1 നിൽപ്പൊരുകാലാമാണിതു ഭൂമിയിൽ കോവിഡംബിതരായി 2 മാനുഷരാശവിട്ടു വലഞ്ഞുപോയ്!  വാക്‌സിനുണ്ടൊരു മൂന്നുനാലു, മരുന്നുകൂട്ടുകൾ വേറെയും വാക്സമർത്ഥനുചൊല്ലുവാനൊരു മന്ത്രജാലവുമുണ്ടുപോൽ 3 ! മാസ്‌കുവച്ചു നടക്കണം, അടിയാറു 4 ദൂരെയിരിക്കണം, ഭാസ്കരൻ്റെവെളിച്ചമേറ്റഥ ദേഹശുദ്ധിവരുത്തണം. 5 സൂമിലൂടെ 6 നടത്തണം കല്യാണവും പുരകേറലും നാമിതൊക്കെ സഹിക്കണം, ആയ 7 പങ്കുവഹിക്കണം! 1 - കോവിഡ് + അംബരമാർന്നു 2 - കോവിഡംബിതർ = അപഹാസ്യരായവർ, എത്ര ശ്രമിച്ചിട്ടും അതിനെ കീഴ്‌പ്പെടുത്താൻ കഴിയാത്തതിനാൽ  3 - മരുന്നുകൊണ്ടും മന്ത്രംകൊണ്ടും മാറുന്നില്ലെന്നു സാരം  4 - ആറടി  5 - സൂര്യപ്രകാശം ഏൽക്കുന്നത് കോവിഡ് മാറാൻ നന്നെന്നൊരു പഠനമുണ്ട്  6 - zoom എന്ന app 7 - ആകുംവണ്ണം  സമയം കളയാൻ വെറുതേ കോറിയത്. സാഹിത്യമൂല്യം കുറവാണ്, പക്ഷേ കുറച്ചു വാക്‌സാമർത്ഥ്യം കാട്ടിയിട്ടുണ്ട്! :-)  

ശകലം 11/2/2021

1. ജീവിതമാനന്ദനിർഭരമാവണം ഈവിധം ക്ലേശിപ്പാനുള്ളതല്ല! 2.  കാവിയുടുത്തുനടക്കുന്ന കൂട്ടർക്കു ഭാവിയെപ്പറ്റിയെന്താധിയുള്ളൂ? 3. രാവിലേ തൊട്ടു തുടങ്ങുന്ന തൊല്ലകൾ ചാവിലേ തീരുകുള്ളെന്നു തോന്നും  4. പാവിട്ടെഴുന്നേറ്റു വന്നതേ കൈക്കുഞ്ഞു  വാവിട്ടുകേഴുന്ന കേട്ടുകൊണ്ടേ  5. ആവിയെടുത്തു കുതിർന്നതു  മാറാതെ  ചാവിയെടുത്തു ഞാനോടുന്നേരം  6. പാവയെക്കൂട്ടി കളിച്ചില്ലെന്നെന്മകൾ ആവലാതിപ്പെട്ടു കേണീടുന്നു!  (ഇതിൻ്റെ ആദ്യ രണ്ടു വരികൾ  പണ്ടെഴുതിയതാണ് . )

വിഭൂതി

(കോറയിൽ വന്ന ഒരു ചോദ്യ ത്തിനുത്തരമായെഴുതിയത്)  ചോദ്യത്തിൽതന്നെ പാതി ഉത്തരമുണ്ടല്ലോ!  ഇതാ ഒരു കവിത. 'കവിത എഴുതിത്തരാമോ' എന്നു ചോദിച്ചതിനാൽ ചോദ്യകർത്താവിൻ്റെ  പേരും ഉൾപ്പെടുത്തിയിരിക്കുന്നു.  തീവ്രമാം പ്രണയവും ഗാഢമാം വിരഹവും ചാലിച്ചു ചാർത്തി ഞാൻ ആകേ വിഭൂതിയായ്! ചപലസഞ്ചാരിയും അചലമാം സ്ഥായിയും കൂട്ടിയിടിച്ചെന്നിൽ ആകേ വിഭൂതിയായ്! കായുന്ന കയ്പ്പും മയക്കും മധുരവും ഒന്നായ് രുചിച്ചു ഞാൻ ആകേ വിഭൂതിയായ്! അദഹ്യമാം കാഷ്ഠവും തീക്ഷ്ണമാം താപവും തമ്മിലിടഞ്ഞു ഞാൻ ആകേ വിഭൂതിയായ്!

ശകലം - 5/18/2021

പോർമുലപ്പാലു തോർന്നപ്പോൾ ഫോർമുലപ്പാൽ കൊടുത്തവൾ   

Jesus - യേശുനാഥൻ

കന്യകതന്നുടെ ഗർഭത്തിലുണ്ടായി ധന്യശിരോമണി യേശുനാഥൻ കല്യാണവീട്ടിലെ വെള്ളത്തെ വീഞ്ഞാക്കി വല്ലായ്മ തീർത്തവനേശുനാഥൻ സംഗതമായൊരു സങ്കടമൊക്കെയും ശങ്കരമയക്കിയതേശുനാഥൻ

ശകലം 11 / 14 / 2020

തോന്ന്യവാസങ്ങൾ ചെയ്യുമ്പോൾ ഞാനെനിക്കു സ്വയം ഗുരു!

Lead kindly light!

 Translation of a hymn Lead, Kindly Light, Amid th'encircling gloom; Lead Thou me on! The night is dark, And I am far from home Lead Thou me on! Keep Thou my feet; I do not ask to see The distant scene - One step enough for me    നയിക്കേണമേ! വെളിച്ചമേ നീയെന്നെ നയിക്കേണമേ! കൂരിരുളും, എൻ വീടോ വിദൂരം  നയിക്കേണമേ! എൻ വഴി കാക്ക! ആശിക്കുന്നില്ല  ദൂരദ്യശ്യം - ഒരടി മാത്രം മതി 

ശകലം 10/8/2020

ഉള്ളുള്ളുള്ളി ചെമന്നുള്ളി  മല്ലല്ലല്ലി നറും മല്ലി?

A silly poem

അണക്കരയ്ക്കുവിളിക്കണം   വണക്കമോടിരിക്കണം  ഉണക്കമീൻ കഴിക്കണം  പിണക്കമൊക്കെ മാറണം   

രാത്രിയിലെ കഴുവേറ്റ്

തൂങ്ങുവാൻ നേരമായപ്പോൾ മൂങ്ങകൾക്കു പ്രമാദമായ് മിഴിച്ച കണ്ണുകൾ മൂടി ഇരുട്ടുചാക്കു വീഴവേ കഴുത്തിൽ കുരുങ്ങി കൊച്ചു- കയറായ് വന്ന കാറലും This poem is, at the same time, about night and about a hanging / execution.

കുരുവി

അരുവിക്കരയിൽ കുരുവിയിരുന്നു മരുവിൽനിന്നും മണലു പറന്നു ഒരുവിരലകലെ ഒരു വിര വീണു കുരുവിക്കുഞ്ഞതു കൊത്തിത്തിന്നു

മൊബൈൽ സംസ്കാരം

ഞാനെവിടെ? ഫോണവിടെ. ഫോണെവിടെ? ഞാനവിടെ. ഞാനും ഫോണും ഞങ്ങടെ ലോകം ആരോടും നേരിട്ടു മിണ്ടാത്ത ലോകം നീയാരാ?

The Church Pianoman

He plays the chords on the piano And pulls those of my heart; He drips honey from his fingertips Directly into my mind When it wanders during mass I hear his faint, sweet music It gently pulls me back to here Like the line a kite Seated in between the alter and the pews You connect us to the mass You translate the unspoken words To music the soul can hear

മടിപിടിച്ചിരിക്കാൻ

മടിപിടിച്ചിരിക്കാൻ കൊടിപിടിച്ചിരിക്കണ കൂട്ടം ---- കർമ്മം കഴിഞ്ഞാൽ നർമ്മം പറയാം ----

രാജ്ഞിയെ സ്നേഹിച്ച ചിത്രകാരൻ

... പത്രത്തിൽ കാണുന്ന ചിത്രങ്ങൾ മാത്രമേ മിത്രമേയിന്നെനിക്കാകെയുള്ളൂ ...

കാളി

Image
ഉണ്ടക്കണ്ണുള്ളവൾ നീണ്ടനാക്കുള്ളവൾ 1 ചുണ്ടു ചെമന്നവൾ 2 കാളി! വക്കാണം 3  മൂത്തിട്ടു വെട്ടാനായ് വന്നോന്റെ തൊണ്ടയറുത്തവൾ 4 കാളി! കോപത്തെയാറ്റുവാൻ ചങ്കരൻ 5  ചെന്നതും ചങ്കിൽ ചവിട്ടിയോൾ കാളി! 1. അധികം സംസാരിക്കുന്നവൾ എന്നും അർത്ഥം 2. ദേവിക്ക് ചോരകൊണ്ട്,  സ്ത്രീയ്ക്ക് ചായംകൊണ്ട് 3. ദേവിക്ക് അസുരയുദ്ധം, സ്ത്രീയ്ക്ക് അയൽക്കാരനുമായി 4. ഉത്തരം മുട്ടിച്ചവൾ എന്നും അർത്ഥം 5. ഭർത്താവ്, ദേവിയുടെയും (ശിവൻ)