ക്ലാസ്സിൽ ഒറ്റയ്ക്കിരിക്കുമ്പോൾ അവൾ ചിന്തിച്ചത്

  "ക്ലാസ്സിൽ ഒറ്റയ്ക്കിരിക്കുമ്പോൾ അവൾ ചിന്തിച്ചത് " എന്ന വിഷയത്തിൽ ഒരു കവിത എഴുതുമോ?

(പെട്ടെന്നെഴുതിയതാണ്; മിനുക്കാൻ സമയം കിട്ടിയില്ല.)

"കണക്കും കമ്പ്യൂട്ടറും
   പഠിച്ചിട്ടെന്താ കാര്യം
വണക്കത്തോടെ വല്ല
   വീട്ടിലും ചേക്കേറേണ്ടോൾ?!"

അടക്കം പറഞ്ഞതു
    മറ്റാരുമല്ല, ശാസ്ത്രം 
പഠിപ്പിക്കുന്ന സ്വന്തം
    വത്സമ്മട്ടീച്ചർ തന്നെ!

ചെറുക്കന്മാരും ചില 
    കുശുമ്പിപ്പെമ്പിള്ളേരും
ഉറക്കെ ചിരിച്ചപ്പോൾ 
    വിഷമം വന്നു; പക്ഷേ 

പടുത്ത പന്തങ്ങളെ 
    കൊളുത്തേണ്ടുന്ന തിരി, 
കെടുത്താൻ ശ്രമിച്ചല്ലോ
    എന്നിലെ കൊച്ചു നാളം!

ഉത്തരം പറഞ്ഞതും 
    തെറ്റൊന്നു പിണഞ്ഞതും
പെണ്ണായാൽ പാടില്ലെന്നോ?
    ആണുങ്ങൾക്കാവാമെന്നോ?

"ഡോക്ടർമാർ -  ആൺകുട്ടികൾ,
    നേഴ്‌സുമാർ - പെൺകുട്ടികൾ" 
ഇങ്ങനെ തരംതിരി-
    വെങ്ങനെ ന്യായമാകും?

ഗണിതം പഠിക്കുവാൻ 
    മിടുക്കുണ്ടെനി, ക്കതു 
ഗണിക്കാതിരുന്നാലോ 
    സ്വയവഞ്ചന തന്നെ!

പ്രതിസന്ധികൾ വന്നാൽ
    കുറുകെ കടക്കുവാൻ
അതിസാമര്ത്ഥ്യം വേണ്ടാ, 
    ഉറച്ച മനം മതി! 


കവിളത്തൊഴുകിയ
    കണ്ണുനീർ തുടച്ചിട്ടാ-
ളവിടുന്നെഴുന്നേറ്റു, 
    ദൃഢമായ് നടകൊണ്ടാൾ 

അറിവിൻ ഭണ്ടാരമാം 
    പുസ്‌തകശാലനോക്കി, 
നിറവായ് വിളങ്ങുന്ന 
    ഭാവിയും നോക്കിത്തന്നെ! 
 

Comments

Popular posts from this blog

The fabric of all there is

അരമണി