വിവിയൻ ഞങ്ങളുടെ ആദ്യസന്താനമാണ്. ചുരുണ്ട മുടിയുള്ള, മിഴിഞ്ഞ കണ്ണുള്ള, ചുറുചുറുക്കുള്ള ഒരു ഏഴുവയസ്സുകാരി. വിവിയനെ വീട്ടിൽ ഞങ്ങൾ പല പേരുകൾകൊണ്ടു വിളിക്കാറുണ്ട്. ഇവയിൽ ചിലതിന് നേരിട്ടർത്ഥമുണ്ട്; മറ്റുചിലതാകട്ടെ ഒറ്റക്കേൾവിയിൽ വിചിത്രമായി തോന്നും. ഈ വിളിപ്പേരുകൾ വന്ന വഴികൾ പലതാണ്. അവയുടെ കഥകളാണ് ഈ ലേഖനത്തിൽ. വി / വിവി ഈ രൂപങ്ങൾ വിവിയൻ നേരിട്ടു ലോപിച്ചുണ്ടായവ തന്നെ. ഇത്തരുണത്തിൽ വിവിയൻ എന്ന പേരിന്റെ വ്യുല്പത്തിയും പറയാം. ഇതൊരു ഇംഗ്ളീഷ് പേരാണെങ്കിൽകൂടി -അൻ എന്ന പുരുഷപ്രത്യയം കേട്ടുശീലിച്ച മലയാളിച്ചെവികൾക്ക് പേരുകേൾക്കുമ്പോഴേ എന്തോ ഒരു പന്തികേടു തോന്നുന്നത് സ്വാഭാവികം. ആ സംശയം ശരിയുമാണ്. വിവിയൻ (Vivian) ശരിക്കും പറഞ്ഞാൽ ആൺകുട്ടികളുടെ പേരാണ്, പെൺകുട്ടികൾക്ക് വിവിയെൻ (Vivienne) എന്നാണ് വരേണ്ടത്. മലയാളഭാഷയിൽ ഇത്രയധികം അഭിമാനിക്കുന്ന ഞാൻ, ഞാനും ഭാര്യയും തമ്മിൽ വളരെ ചിന്തിച്ചതിനുശേഷം എടുത്ത തീരുമാനമാണെങ്കിലും, എങ്ങനെ ആദ്യത്തെ കുട്ടിക്ക് ഇംഗ്ളീഷ് പേരിട്ടു? യഥാർത്ഥത്തിൽ വിവിയൻ എന്ന പേരുവന്നത് ഞങ്ങളുടെ രണ്ടുപേരുടെയും പേരുകളുടെ അക്ഷരങ്ങളിൽനിന്നാണ്! 'വിനോദിൽനിന്നു 'വി' (VI) യ