വിളിപ്പേർവ്യുല്പത്തികൾ

 വിവിയൻ ഞങ്ങളുടെ  ആദ്യസന്താനമാണ്. ചുരുണ്ട മുടിയുള്ള, മിഴിഞ്ഞ കണ്ണുള്ള, ചുറുചുറുക്കുള്ള ഒരു ഏഴുവയസ്സുകാരി. വിവിയനെ  വീട്ടിൽ ഞങ്ങൾ പല പേരുകൾകൊണ്ടു വിളിക്കാറുണ്ട്. ഇവയിൽ ചിലതിന് നേരിട്ടർത്ഥമുണ്ട്; മറ്റുചിലതാകട്ടെ ഒറ്റക്കേൾവിയിൽ വിചിത്രമായി തോന്നും. 

ഈ വിളിപ്പേരുകൾ വന്ന വഴികൾ പലതാണ്. അവയുടെ കഥകളാണ് ഈ  ലേഖനത്തിൽ. 

വി / വിവി 

ഈ രൂപങ്ങൾ വിവിയൻ നേരിട്ടു ലോപിച്ചുണ്ടായവ തന്നെ. 

ഇത്തരുണത്തിൽ വിവിയൻ എന്ന പേരിന്റെ വ്യുല്പത്തിയും പറയാം. 

ഇതൊരു ഇംഗ്ളീഷ് പേരാണെങ്കിൽകൂടി   -അൻ എന്ന പുരുഷപ്രത്യയം കേട്ടുശീലിച്ച മലയാളിച്ചെവികൾക്ക് പേരുകേൾക്കുമ്പോഴേ എന്തോ ഒരു പന്തികേടു തോന്നുന്നത് സ്വാഭാവികം. ആ സംശയം ശരിയുമാണ്. വിവിയൻ (Vivian) ശരിക്കും പറഞ്ഞാൽ ആൺകുട്ടികളുടെ പേരാണ്, പെൺകുട്ടികൾക്ക് വിവിയെൻ (Vivienne) എന്നാണ് വരേണ്ടത്. 

മലയാളഭാഷയിൽ ഇത്രയധികം അഭിമാനിക്കുന്ന ഞാൻ, ഞാനും ഭാര്യയും തമ്മിൽ വളരെ ചിന്തിച്ചതിനുശേഷം എടുത്ത തീരുമാനമാണെങ്കിലും, എങ്ങനെ ആദ്യത്തെ കുട്ടിക്ക് ഇംഗ്ളീഷ് പേരിട്ടു? 

യഥാർത്ഥത്തിൽ  വിവിയൻ എന്ന പേരുവന്നത് ഞങ്ങളുടെ  രണ്ടുപേരുടെയും പേരുകളുടെ അക്ഷരങ്ങളിൽനിന്നാണ്!  'വിനോദിൽനിന്നു 'വി' (VI) യും, ആൻസിയിൽനിന്നു 'ആൻ/അൻ' (AN) - ഉം ചേർന്നു 'വിയൻ' (VIAN) ആയി. അതൊരു ശരി പേരല്ലാത്തതിനാൽ ഒരു വി (VI) മുന്നിൽ ചേർത്ത് വിവിയൻ ഉണ്ടായി. പോരാത്തതിന്, വിവിയൻ എന്ന പേരിന്റെ മൂലാർത്ഥം 'സജീവമായത്, ജീവൻ തുളുമ്പുന്നത്' (lively) എന്നൊക്കെയാണ്. 

ഭംഗിയുള്ള വ്യുല്പത്തി, ഭംഗിയുള്ള അർത്ഥം. 

വിവിമ / വിവിയാമ്മ 

ചിലപ്പോൾ വിവി മലയാളീകരിച്ച് വിവമയോ വിവിയാമ്മയോ ആകാറുണ്ട്. -മ, -അമ്മ എന്ന പ്രത്യയം ചേർന്ന രൂപം. 

വിവിയാമ്മ എന്ന രൂപം അവളുടെ മാമ്മോദീസപ്പേരായ മറിയത്തിന്റെ രൂപമായ മറിയാമ്മയോടു ചേരും എന്നതും സാഹായ്യമാണ്. നേരേമറിച്ച്, ചിലപ്പോൾ പ്രാസമൊപ്പിച്ചു ഞാനവളെ 'വിവിയം മറിയം ചെറിയം' എന്നും വിളിക്കാറുണ്ട്.  

പൂപ്പി 

വീട്ടിലുപയോഗിക്കുന്ന വിളിപ്പേരുകളിൽ ഏറ്റവും കൂടുതൽ വിശദീകരണം വേണ്ടിവരുന്ന  പേരാണ് പൂപ്പി. വിശേഷിച്ച്, ഇംഗ്ളീഷിൽ "poopy" എന്നാൽ "മലം നിറഞ്ഞത് / മലിനമായത്" എന്ന അർത്ഥം  കൂടിയുള്ളതിനാൽ. 

യഥാർത്ഥത്തിൽ, പുഴുപ്പൂപ്പി  ലോപിച്ചാണ് പൂപ്പിയുണ്ടായത്. പുഴുപ്പൂപ്പി എന്നാൽ തമിഴിൽ പട്ടുനൂൽപ്പുഴു (caterpillar) എന്നാണർത്ഥം. വിവിയൻ ആൻസിയുടെ ഗർഭത്തിലായിരുന്നപ്പോൾ ഞാൻ വാലെന്റിൻദിന സമ്മാനമായി പട്ടുനൂൽപ്പുഴുവിന്റെ രൂപത്തിലുള്ള ഒരു പഞ്ഞിപ്പാവയെ വാങ്ങിക്കൊടുത്തു. അവിടെനിന്നാണ് ജനിക്കാൻ പോകുന്ന കുഞ്ഞ് നമ്മുടെ പുഴുപ്പൂപ്പിയാണെന്ന ചിന്ത തുടങ്ങിയത്. ആൻസി മദ്രാസിൽ പഠിച്ചതിനാൽ വാക്കിന്റെ തമിഴുരൂപമാണ്  ആദ്യം  മനസ്സിലുദിച്ചത്. അതു  പിന്നീടു ലോപിച്ചു പൂപ്പിയായി! 

ചിലപ്പോൾ പൂപ്പി പുപ്പൂസ് ആയും പൂമയായും പൂ മാത്രമായും  മാറാറുണ്ട്. 

കുക്കുടം 

കുക്കുടം എന്നാൽ കോഴിഎന്നർത്ഥം. വിവിയൻ കോഴിയെപ്പോലെ ആവേശത്തോടെ ഓടിത്തുള്ളി നടക്കുമെങ്കിലും അവൾക്കാ വിളിപ്പേരു വന്നത് അതുകൊണ്ടല്ല. തങ്കക്കുടം ലോപിച്ചാണ് കുക്കുടമായത്!

തങ്കക്കുടം കുക്കുടം

കണ്ണിമ

ഇതു സാധാരണമായി അപ്പനമ്മമാർ (അധികവും അമ്മമാരാണെന്നു തോന്നുന്നു) ഉപയോഗിക്കുന്ന ഒരു വിളിപ്പേരാണ്. കണ്മണി എന്നതിനു സാമാനം. അർത്ഥം കൺപീലി തന്നെ. 

ചക്കര 

ഇതു  മിക്കവാറും വിവിയന്റെ മേമ (എന്റെ സഹോദരി) വിളിക്കുന്നതാണ്. ശർക്കരയുടെ തത്ഭവമായ ചക്കരതന്നെ. 

ഇതൊക്കെയാണ്  വിവിയന്റെ വിളിപ്പേരുകളുടെ വ്യുല്പത്തികൾ. 

Comments

Popular posts from this blog

My companion

ശകലം - 01/05/2017

അരമണി